Wednesday, 19 December 2012

മനുഷ്യാവതാരം - ക്രിസ്തുമസ് 2012

യേശുവിന്റെ പിറവിയുടെ അനുസ്മരനമാണ് ക്രിസ്തുമസ്. യേശു ക്രിസ്തുവായതുകൊണ്ടാണ് ഇത് ക്രിസ്തുമസ് ആയതു. ക്രിസ്തു എന്നാല്‍ രക്ഷകന്‍, അഭിഷിക്തന്‍ എന്നൊക്കെയാണ് അര്‍ത്ഥം. 

ക്രിസ്തുവായ യേശു മനുഷ്യനായ ദൈവമാണ്, ക്രൈസ്തവര്‍ക്ക്. ദൈവത്തിന്റെ/ ഈശ്വരന്‍റെ വ്യത്യസ്ത അവതാരങ്ങളെ പരിചയമുള്ളവരാണ് ഇന്നാട്ടിലെ മഹാഭൂരിപക്ഷവും, അവ പത്തെന്നു-ദശവതാരം-നിജപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാല്‍ ക്രൈസ്തവര്‍ക്ക് അതൊന്നെയുള്ള് - അതാണ്‌ യേശുവിലൂടെയുള്ള മനുഷ്യാവതാരം. 

എന്തുകൊണ്ട് ദൈവം മനുഷ്യനാവണം, അല്ലെങ്കില്‍ വേറെ എന്തെങ്കിലും അവതാരമാവണം എന്ന ചോദ്യത്തിന് പ്രസക്തിയില്ലായിരിക്കാം... സൃഷ്ടി, സ്ഥിതി, സംഹാരം എന്നപോലെ രക്ഷയും നിര്‍വഹിക്കപ്പെടാമായിരുന്നില്ലേ- ഒരു വിചാരംകൊണ്ടോ, ഒരു വാക്കുകൊണ്ടുപോലുമോ? അത്തരം കാര്യങ്ങള്‍ നാം സാതാരണക്കാര്‍ക്ക് ഗഹനവും അഗ്രാഹ്യവുമായിരിക്കാം... അത്തരം വിചാരങ്ങള്‍ സ്വയം ഏറ്റെടുത്തവര്‍ നിര്‍വഹിച്ചോട്ടെ, നമുക്ക് 'ആമേന്' പറഞ്ഞംഗീകരിക്കാം! എന്നാല്‍ നമുക്കിപ്പോള്‍ അവതാരത്തിന്റെ, മനുഷ്യാവതാരത്തിന്റെ അര്‍ത്ഥതലങ്ങള്‍ നമ്മുടെ സാഹചര്യങ്ങളില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം...

'ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു . ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു ; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.' (ഉത്പത്തി 1:27) എന്ന് ബൈബിള്‍ സമര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യവതാരത്തെ ചൊല്ലി ഊറ്റം കൊള്ളേണ്ട കാര്യമില്ല. എങ്കിലും, ആ അവതാരത്തിന് ഏറെ പ്രത്യേകതകളുണ്ട്:
1. 'യേശുവിന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹാവസിക്കുന്നതിനു മുമ്പ് അവള്‍... ഗര്‍ഭിണിയായി കാണപ്പെട്ടു.' (മത്തായി 1:18).
2. 'അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ ... പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല' (ലൂക്കാ 2:6-7).
3. '...ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പാലായനം ചെയ്യുക... ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.' (മത്തായി 2:13).
4. '...മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല.' (മത്തായി 8:20).
5. '...അവര്‍ ബഥാനിയായില്‍നിന്നു വരുമ്പോള്‍ അവനു വിശക്കുന്നുണ്ടായിരുന്നു.' (മാര്‍ക്കോസ് 11:12).
6. '...എനിക്കു കുടിക്കാന്‍ തരുക...' (യോഹന്നാന്‍ 4:7)
7. '...യേശുവില്‍ കുറ്റമാരോഭിക്കണമെന്ന ഉദ്ദേശത്തോടെ അവര്‍ അവനോടു ചോതിച്ചു...' (മത്തായി 12:10)
8. 'അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.' (മത്തായി 26:16)
9. 'ജ്ഞാന്‍ അവനെ അറിയുകയില്ല എന്ന് അവന്‍ വീണ്ടും ആണയിട്ടു നിഷേധിച്ചു... ആ മനുഷ്യനെ അറിയുകയില്ല എന്നു  പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി.' (മത്തായി 26:72-74)
10. 'യേശുവിനെ ...ക്രൂശിക്കാന്‍ എല്പിച്ച്ചുകൊടുക്കുകയും ചെയ്തു.' (മത്തായി 27:26)
11. 'അവര്‍ അവന്‍റെ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു. ഒരു മുള്‍ക്കിരീടം മെടഞ്ഞ്  അവന്‍റെ ശിരസ്സില്‍ വച്ചു. വലത്തു കൈയ്യില്‍ ഒരു ജ്നാങ്ങണയും കൊടുത്തു. അവന്‍റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യഹൂദരുടെ രാജാവേ, സ്വസ്തി! എന്നു പറഞ്ഞ് അവര്‍ അവനെ പരിഹസിച്ചു...' (മത്തായി 27:28-29)
12. 'ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്...' (മത്തായി 20:28)

മെല്‍ ജിപ്സന്റെ 'പാഷന്‍ ഓഫ് ക്രൈസ്റ്റ്' യേശുവിന്‍റെ പീഡകളെ അതിശയോക്തി കലര്‍ത്തി അവതരിപ്പച്ഛതാവാം എങ്കിലും അവ യഥാര്‍ദ്ധമായിരുനു. ഈ യേശുവിനെയാണ് 'ഇതാ, മനുഷ്യന്‍' (യോഹന്നാന്‍ 19:1-5) എന്ന് പിലാത്തോസ് കാണിച്ചുകൊടുത്തത്. ഇദ്ദേഹത്തെയാണ് ഏശയ്യ 'കര്‍ത്താവിന്‍റെ ദാസന്‍'ആയി (42,49) അവതരിപ്പിച്ചത്. ഇവരാണ് 'യഹോവയുടെ ദരിദ്രര്‍', അവനു പ്രീയപ്പെട്ടവര്‍. ഇവരുടെ ക്ലേശങ്ങള്‍ കണ്ടിട്ടാണ്, രോദനം കേട്ടിട്ടാണ്, യാതനകള്‍ അറിഞ്ഞിട്ടാണ് അവരെ മോചിപ്പിക്കാന്‍ കര്‍ത്താവ് ഇറങ്ങി വരുന്നത്. (പുറപ്പാട് 3:7-8). 'ഇവരില്‍ ഒരുവന് ഇത് ചെയ്തുകൊടുത്തപ്പോള്‍ തനിക്കുതന്നെയാണ് ചെയ്തതെന്നും, അവര്‍ക്ക് ചെയ്യാതിരുന്നപ്പോള്‍ തനിക്കുതന്നെയാണ് ചെയ്യാതിരുന്നതെന്നും മനുഷ്യപുത്രന്‍/രാജാവ് പ്രക്യാപിക്കുന്നത്! (മത്തായി 25:31-46). എങ്കില്‍ മനുഷ്യാവതാരം ദാരിദ്രവതാരമാണ്- ദാരിദ്രരോടുള്ള പക്ഷം ചേരലാണ്, അവരുടെ ദാരിദ്ര്യത്തിലുള്ള പങ്കുചേരലാണ്‌.

ഇങ്ങനെ ജനിച്ചവന്റെ ജനനം എങ്ങനെ ആഘോഷമാവും, ആഡംപരമാവും? ആഘോഷിക്കുന്നവര്‍ ആരെല്ലാമാണ്? ദരിദ്രന് ഇവിടെ എവിടെയാണ് ഒരിടമുള്ളത്? ''ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുംബിളി'ല്‍ത്തന്നെയല്ലേ?ഇനി

ഇനി ഈവക ആഘോഷങ്ങള്‍ക്ക് 'ആരാധനാ ക്രമമെന്നൊ മറ്റോ എന്തു പേരിട്ടാലും അത് ആരെ സേവിക്കാനാണ്, ആരുടെ സ്തുതി പാടാനാണ്? ദൈവത്തിന്റെയൊ, അതും യേശുവില്‍ അവതീര്‍ണനായ ദൈവത്തിന്റെ? മേലുദ്ധരിച്ച യേശുവിനെ പാടെ മറന്നു, അവനെ രാജാവായി, പുരോഹിതനായൊക്കെ അവരോധിച്ചു കൊഞ്ഞനം കാണിക്കയല്ലേ?

ധനവും, ഭരണവും, അധികാര ശ്രേണിയുമൊക്കെ യെസുവിന്റെതല്ല, ആദിമ ക്രൈസ്തവ സമൂഹത്തിന്റെയുമല്ല! വര്‍ദ്ധി പീഡനങ്ങള്‍ക്കുപരിയായിട്ടു വളര്‍ന്ന ആ സമൂഹത്തെ അവഗണിക്കാനാവാതെ അംഗീകരിച്ച കൊന്‍സ്ടന്റൈന്‍ അന്നത്തെ നേതൃത്വത്തിന് അധികാരത്തിന്റെയും സുഹസൌകര്യങ്ങളുടെയും ചില അപ്പകഷ്ണങ്ങള്‍ എറിഞ്ഞിട്ടു കൊടുത്തത് അവകാശമാക്കി, പാരംപര്യമാക്കി യഥാര്‍ദ്ധ യേശുവിനെ മുക്കിക്കളഞ്ഞു! അവനില്ലാത്ത കുരിശുകള്‍ നാട്ടി. അത്തരം 'കുരിശോടിച്ച്ചൊരു കൂരൈക്കു തൂണിടാന്‍' എന്പതുകളിലെ ഒരു യുവ കവി ആഹ്വാനം ചെയ്തതുപോലെ, ഇവിടെ തല ചായ്ക്കാന്‍ ഇടമില്ലാത്തവന് ഒരു കൂരയാണ് നിര്മിക്കപ്പെടെണ്ടത്, അല്ലാതെ കോടികള്‍ മുക്കിക്കളയുന്ന അംബരചുംബികളായ പള്ളികളല്ല.കുട്ടികളുടെ ഭാവി വാര്‍ത്തെടുക്കപ്പെടുന്ന പള്ളിക്കൂടങ്ങള്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ അധപ്പതിക്കുംപോള്‍ എന്തിനു ഇത്ര വലിയ പള്ളി? അവിടെ ദൈവം വാഴുമോ?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സഭാ സ്ഥാനാരോഹനത്തെ ചൊല്ലി മാധ്യമങ്ങളിലും അല്ലെതെയും കാട്ടികൂട്ടിയ കോലാഹലങ്ങള്‍, അതിനായി വ്യയം ചെയ്തിരിക്കാവുന്ന സമയവും, ശക്തിയും, സമ്പത്തുമൊക്കെ ദരിദ്രോന്നതിക്ക് വേണ്ടിയാകാമായിരുന്നില്ലേ? 'ദരിദ്രര്‍ നിങ്ങളോടുകൂടെ ഇപ്പോഴും ഉണ്ടായിരിക്കും' എന്നാ വേദപുസ്തകത്തിലെ യേശുവിന്റെതായിരിക്കാന്‍ ഒട്ടും സാധ്യതയില്ലാത്ത ഒരു വാക്യം ഉദ്ധരിച്ചു ന്യായീകരിക്കാന്‍ എന്നും ശ്രമമുണ്ടായിട്ടുണ്ട്! വേദപുശ്തക രചനയുടെ, രൂപികരനത്തിന്റെ കഥ അറിയുന്നവര്‍ക്കറിയാം അതിന്റെ കാര്യം! പട്ടും, പരവതാനിയും, പരസ്യങ്ങളുമൊക്കെ യേശുവിന്‍റെ രീതിയും ശൈലിയുമാല്ല, തീര്‍ച്ച. ഇതുകൊണ്ട് എന്ത് സമര്‍ദ്ധിക്കാനാണ്? എന്ത് സന്ദേശം നല്‍കാനാണ്? ദൈവീകതയൊ, വിശുദ്ധിയോ, വിനയമോ, നീതിയോ? ഇതൊക്കെ 'ചിലമ്പുന്ന കൈത്താളങ്ങള്‍' മാത്രം!

യേശു ശിഷ്യത്വം ഒരു വഴിയായിരുന്നു, മാര്‍ഗമായിരുന്നു, ഒഴുക്കും ശൈലിയുമൊക്കെയായിരുന്നു. അത് കാലാന്തരത്തില്‍ സംഘടനയായി, സഭയായി, അധികാരമായി, ആസ്തികളായി - യേശു ഒഴിച്ചു മറ്റെല്ലാമായി! 'ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യചിച്ച്ചു തന്‍റെ കുരിശുമെടുത്തു  എന്നെ അനുഗമിക്കട്ടെ' (മത്തായി 16:24), ഇതിനെന്താണ് അര്‍ദ്ധം? 'രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ.' (ലൂക്കാ 3:11). ഇങ്ങനെ ഒരുങ്ങുവാനാണ് യോഹന്നാന്‍ തന്നോട് ചോതിച്ഛവര്‍ക്ക് മറുപടി പറഞ്ഞത്. അതുതന്നെ നമുക്കും യേശുവിനെ സ്വീകരിക്കാന്‍ അവശ്യം വേണ്ടതും. അങ്ങനെ ഒരു ലളിത സുന്ദര പുല്ക്കൂടായി തീരുന്ന നമ്മുട അകതാരില്‍ കര്‍ത്താവ് ജനിക്കും തീര്‌ച്ച, അപ്പോള്‍ ലോകത്തിനു രക്ഷയുമാവും.


No comments: