Sunday, 28 September 2014

To a treasured child...

എനിക്കെത്രയും പ്രിയപ്പെട്ട ഹേമമോള്‍ക്ക്,
അനുഗ്രഹ വഴികളില്‍ വഴിവിളക്കാണ് എന്‍റെ ഹേമമോള്‍... നീയെന്‍റെ അഭിമാനാമാണ്, ആനന്ദമാണ്, അനുഗ്രഹവും... എന്‍റെ കൈകളില്‍ രണ്ടു അമൂല്യ നിധികളുണ്ട് - നിന്‍റെ രണ്ടു കത്തുകള്‍- ... ഹൃദയത്തോട് ചേര്‍ത്തു സൂക്ഷിക്കുന്നവ... വായിക്കുമ്പോഴൊക്കെ കണ്ണുകള്‍ നിറയും, നിന്നെ കാണാന്‍ കൊതിയാവും...
എങ്കിലും, ഈ പാവപ്പെട്ട പങ്കിയച്ചന് നിന്‍റെ സന്തോഷത്തില്‍ സന്തോഷിക്കുന്നു... നിന്‍റെ സ്വപ്‌നങ്ങള്‍ സഫലമായെങ്കില്‍ അതിലുമേറെ ചാരിതാര്‍ത്ഥ്യം എനിക്ക് ഉണ്ടാവാനുണ്ടോ? സാദാരണത്വത്തില്‍ അസാദരണയായി, സമര്‍പ്പണത്തില്‍ സംപൂര്‍ണയായി വളര്‍ന്നു നീ നിത്യ വൃദ വാക്ദാനം ഡിസംബര്‍ എട്ടിന് ഫിലിപിന്സില്‍ വച്ചു നല്‍കുമ്പോള്‍, ഈ ദരിദ്ര നാരായണനും ആദ്മാവില്‍ നിന്നോടൊപ്പം ഉണ്ടാവും...
ഇന്ന് (08.05.2014) മമ്മിയേയും പപ്പയെയും കാണാന്‍ വീട്ടില്‍ പോയിരുന്നു, മറ്റാരും ഉണ്ടായിരുല്ലതാനും... കുട്ടനും മറ്റെന്നാള്‍ ഡയക്കോനേറ്റ് സ്വീകരിക്കുന്നു എന്ന് കേട്ടു... സന്തോഷം... താമസിയാതെ അവനും അഭിഷിക്തനാവും.... അതിനൊപ്പം നിന്‍റെ നിത്യവൃദ വാഗ്ദാനവും അടുത്തടുത്ത നാളുകളിലായാല്‍ നന്നെന്നു മമ്മിക്ക്‌ ആഗ്രഹമുണ്ട്... അവര്‍ ഇരുവരും, കുട്ടനും ഫിലിപ്പിന്‍സില്‍ വരാന്‍ ഉദ്ദേശിക്കുന്നു... വരാന്‍ അവര്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു...
ഇനി, അല്പം സ്വകാര്യം പറയാമല്ലോ... ‘സമര്‍പ്പണ’ത്തിന്‍റെ മുപ്പത്തിമൂന്നു സംവത്സരങ്ങള്‍ പൂര്‍ത്തിയാവുംപോഴും ചുവടുകള്‍ ഉറയ്ക്കുന്നില്ല... പഴയ സൌഹൃദങ്ങള്‍ പുതിയാവേശത്തോടെ ഇപ്പോഴും പിന്നിലുണ്ട്... 
അവയോടു കലഹിച്ചു നില്‍ക്കുമ്പോള്‍, വ്യവസ്ഥാപിത സഭയുടെ- നേതൃത്വത്തിന്‍റെ- രീതികള്‍ യേശുവിന്‍റെ സുവിശേഷത്തിന് നിരക്കാത്തതായി അനുഭവപ്പെടുമ്പോള്‍, പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല...
അധികാരക്കൊതിയും, ധനമോഹവും, സുഖലോലുപതയും, ദരിദ്രരോടുള്ള അവഗണനയും സഭയോടൊപ്പം ഇനിയും നില്‍ക്കുന്നതത്തിന്റെ ഔചിത്യത്തെ വീണ്ടുവിചാരത്തിന് വിധേയമാക്കാന്‍ നിര്‍ബന്ധിക്കുന്നു... വിരമിക്കാന്‍ പ്രേരിപ്പിക്കുന്നു... യേശുവിന്‍റെ അരക്ഷിതാവസ്ഥയെ, അപകട സാദ്ധ്യതകളെ  ആശ്ലേഷിക്കാന്‍ വെമ്പല്‍ കൊള്ളുന്നു...         
എന്തുകൊണ്ടേ സഭ സുദാര്യമാവുന്നില്ല... സ്വതന്ത്രയാവുന്നില്ല... വിശുദ്ധി മൂടി വൈക്കപ്പെടെണ്ടാതാണോ? ‘മലമേല്‍ സ്ഥാപിതമായ പട്ടണം പോലെ, വിളക്ക്പീടത്തിന്മേല്‍ വച്ച വിളക്കുപോലെ..’ എന്തുകൊണ്ടേ സഭ സ്വയം പ്രകാശിതമാവുന്നില്ല? ഇത്തരം ചോദ്യങ്ങള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു...
അതുകൊണ്ട് അധികാര-സ്ഥാനമാനങ്ങളില്ലാതെ നിശബ്തമായി എന്തെങ്കിലും സേവനം ചെയ്താല്‍ മതിയെന്ന് തോന്നുന്നു... സജീവ ശുശ്രൂഷ നിര്‍ത്തണമെന്നും തോന്നുന്നു... സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കല്‍ 55/56 ആണ്, എനിക്ക് ഇപ്പോള്‍തന്നെ 59 ആയി... മതിയാക്കുന്നു, ചെറുപ്പക്കാര്‍ക്ക് വേണ്ടിക്കൂടി അവസരങ്ങള്‍ ഒരുക്കാമല്ലോ.... കുട്ടനെപ്പോലുള്ളവര്‍ വരുമ്പോള്‍ വഴിമാറി ക്കൊടുക്കണ്ടേ... ഇനി അവരെപ്പോലുള്ളവരുടെ കാലമാകണം...
ഹേമമോള്‍ പ്രസന്നയായി, മിടുക്കിയായി, ആദ്മ ചൈതന്യം നിറഞ്ഞവളായി, എല്ലാവര്‍ക്കും അനുഗ്രഹമായി ജീവിക്കണം... അനുഗ്രഹീതയായിരിക്കുക...
ഒരുപാടൊരുപാട് സ്നേഹത്തോടെ, അതിലുപരിയായ വാത്സല്യത്തോടെ,
പങ്കിയച്ചന്‍ 


No comments: