ക്രിസ്തു രാജത്വ തിരുനാള്‍
തിരുവനന്തപുരം പട്ടണത്തിനു മറ്റൊരു അര്‍ദ്ധ-അവധി [14.11.14, വെള്ളി] കൂടി
ലഭ്യമാവന്പോകുന്നു, പ്രസിദ്ധമായ വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാള്‍ കൊടിയേറ്റും
തുടര്‍ന്നുള്ള ഭക്തജന തിരക്കും പ്രമാണിച്ച്... ഇവിടെ മതവിശ്വാസങ്ങള്‍ക്ക് ഉപരിയായി
ജനം പ്രവിഹിക്കുന്നു... ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം...’(Mt.11:28-29) എന്നരുളിയ
യേശുദേവന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി അവര്‍ സംതൃപ്തരായി മടങ്ങുന്നത് ഒരു
സാധാരണ കാഴ്ച്ചമാത്രമാണ്.
അവിടുത്തേക്ക് പ്രണാമങ്ങള്‍ അര്‍പ്പിക്കാന്‍ അവിടുത്തെ ഒരു
രാജാവാക്കണമെന്നില്ല, മറിച്ച് ‘...തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ
കുരിശുമെടുത്ത്’(Mt.16:24) അവന്‍റെ പിന്നാല്‍ ചെന്നാല്‍ മതി; ‘എന്‍റെ ഏറ്റവും എളിയ ഈ
സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണു
ചെയ്തു തന്നത്’(Mt.25:31-45) എന്ന്‍ പറഞ്ഞു യേശു താദാത്മ്യം
പ്രഖ്യാപിച്ച വിശക്കുന്നവര്‍ക്ക്, ദാഹിക്കുന്നവര്‍ക്ക്, പരദേശികള്‍ക്ക്, നഗ്നര്‍ക്ക്,
രോഗികള്‍ക്ക്, കാരാഗ്രഹത്തില്‍ അടയ്ക്കപ്പെട്ടവര്‍ക്കൊക്കെ അപ്പവും, വെള്ളവും,
അഭയവും, വസ്ത്രവും, ആശ്വാസവും, അംഗീകാരവുമൊക്കെ നല്‍കിയാല്‍ മതിയാവും...
അത്തരക്കാരില്ലാത്ത ഒരു വ്യവസ്ഥിതി – ദൈവരാജ്യം – യാഥാര്‍ത്യമാക്കിയാല്‍
മതിയാവും...
തിരുനാള്‍ ഉത്ഭവം:
ക്രിതുരാജത്വ തിരുനാള്‍ സ്ഥാപിതമായത്, പതിനൊന്നാം പീയൂസ് പാപ്പായുടെ കാലത്ത്, 1925-ല്‍ മാത്രമാണ്. 1969-ല്‍ ആറാം പൌലോസ് പാപ്പാ ‘നമ്മുടെ
കര്‍ത്താവായ യേശു ക്രിസ്തു പ്രപഞ്ച രാജാവ്’ എന്ന ശീര്‍ഷകത്തില്‍ ആഗമന
കാലത്തിനു മുന്‍പുള്ള ഞായറാഴ്ചത്തെ മഹോല്‍സവമായി ഉയര്‍ത്ന്നതുവരെ സകല
വിശുദ്ധരുടെയും തിരുനാളിന് മുന്‍പുള്ള ഞായറാഴ്ചയായിരുന്നു ഇത്
ആഘോഷിക്കപ്പെട്ടിരുന്നത്. കത്തോലിക്കര്‍ കൂടാതെ മറ്റുപല ക്രൈസ്തവസഭാ വിഭാഗങ്ങളും ഈ
തിരുനാള്‍ ആഘോഷിക്കുന്നുമുണ്ട്.
ക്രിസ്തുരാജനെത്തേടി ഒരു
വേദപുസ്തക പര്യടനം:
‘...നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി...’ (Acts 2:36), ഇതായിരുന്നു സഭയുടെ പ്രാരംഭ പ്രഘോഷണം. ഇന്നു ക്രൈസ്തവര്‍ക്ക് സുപരിചിതമായ വിശ്വാസ സത്യമാണിത്. ഈ
തിരിച്ചറിവിലേക്ക് ശിഷ്യഗണവും പിന്നീട് ക്രൈസ്തവ സഭയും സാവകാശം വളരുകയായിരുന്നു.
മരിയത്തില്‍നിന്നും
ജനിച്ചവന്‍ യേശുവാണു. ഗബ്രിയേല്‍ ദൂതന്‍ മറിയത്തോടു പറഞ്ഞു: ‘... നീ അവനു യേശു എന്ന് പേരിടണം.’ (Lk 1:31). മറിയവുമായി വിവാഹ
നിശ്ചയം കഴിഞ്ഞ ജോസഫിനോട് കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു
പറഞ്ഞു: ‘... അവനു നീ യേശു എന്ന് പേരിടണം... അവന്‍ ശിശുവിന് യേശു എന്ന് പേരിട്ടു.’
(Mt 1:21, 25).
യേശു ക്രിസ്തുവാകുന്നു:
യേശു കേസറിയഫിലിപ്പി പ്രദേശത്തു എത്തിയപ്പോള്‍ ശിഷ്യന്മാരോട് ചോതിച്ചു:...ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്... (അനന്തരം അവന്‍, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്ന് ശിഷ്യന്മാരോട് കല്പിച്ചു.’ (Mt 16:
13-20) ഒരുപക്ഷെ, അത് സ്വയം അനുഭവിച്ച് അറിയേണ്ട ഒരു
സത്യമായിരിക്കണം, അല്ലാതെ ആരെങ്കിലും പറഞ്ഞു കേട്ട് വിശ്വസിക്കേണ്ട ഒരു
വിശ്വാസപ്രമാണമാവാന്പാടില്ലത്തതും.
ഇതൊക്കെയാണെങ്കിലും അവിടുത്തെ മരണാനന്തരം മാത്രമാണ്
യേശു ക്രിസ്തു ആണെന്ന ബോധ്യം ശിഷ്യന്മാര്‍ക്ക് ഉണ്ടായത്, അതൊരു അനുഭവമായി,
അടക്കാനാവാത്ത ആവേശമായി, പ്രോഘോഷണമായി... ‘...നിങ്ങള്‍ കുരിശില്‍ തറച്ച
യേശുവിനെ
ദൈവം
കര്ത്താവും
ക്രിസ്തുവുമാക്കി ഉയര്‍ത്തി.’(Acts.2:36). സുവിശേഷ പ്രഘോഷണവും രചനതന്നെയും ഇതിനു ശേഷമായിരുന്നല്ലോ, പഴയ നിയമത്തിലെ പുറപ്പാട് അനുഭവത്തില്‍നിന്നുമാണ് ഉല്‍പത്തി
ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ വിരചിതമായെന്നു പണ്ഡിതന്മാര്‍ അവകാശപ്പെടുന്നതുപോലെ.... അങ്ങനെയാണ് യേശുവിനെ അവര്‍ കാലാന്തരത്തില്‍ ക്രിസ്തുവായി തിരിച്ചറിയുന്നത്...
എന്നിട്ടും ജനവും നേതാക്കളും അതംഗീകരിക്കുവാന്‍ ഒരുക്കമല്ലായിരുന്നു.
‘...പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍
ദൈവത്തിന്‍റെ ക്രിസ്തു ആണെങ്കില്‍... തന്നെത്താനേ രക്ഷിക്കട്ടെ.’ (Lk 23:35).
ക്രിസ്തു രാജാവാക്കപ്പെടുന്നു:
‘പുരുഷനെ അറിയാതെ’ (Lk.1:35) ഗര്‍ഭിണിയായ മറിയത്തിന്‍റെ ഭര്‍ത്താവ് ‘ജോസഫ് ദാവീദിന്റെ കുടുംബത്തിലും
വംശത്തിലുംപെട്ടവനായിരുന്ന’(Lk2:4)തിനാല്‍ അവളില്‍നിന്നു യേശു
ദാവീദിന്റെ പുത്രനായി അവന്‍റെ പട്ടണത്തില്‍ ജനിച്ചു(Lk.2:11). മത്തായിയുടെ സുവിശേഷം
തുടങ്ങുന്നത് ഇപ്രകാരമാണ്: ‘...ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ
വംശാവലി...’(Mt.1:1). തന്‍റെ വളര്‍ത്തുപിതാവിന്റെ വകയായിട്ടാണ് യേശുവിനു ‘ദാവീദ്’ പൈതൃകം, ‘രാജകീയ’
പൈതൃകം ചാര്‍ത്തിക്കിട്ടിയത്! പൌരസ്ത്യ ജ്ഞാനികള്‍ക്ക് അവിടുന്ന് ‘യഹൂദന്‍മാരുടെ
രാജാവാ’(Mt 2:2)ണെങ്കിലും, അവിടുത്തെ സമകാലികര്‍ പറഞ്ഞത്:
അവന്‍ ‘ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്‍റെ അമ്മ?’(Mt 13:55) എന്നാണു. അവന്‍റെ
സമകാലികര്‍ ഇന്ന് നാം വിശ്വാസിക്കുന്നതുപോലെയല്ല അവിടുത്തെ കണ്ടിരുന്നത്.
യേശുവില്‍നിന്നും ക്രിസ്തുവിലേക്കും, അവിടെനിന്നും രാജത്വത്തിലേക്കുമുള്ള വളര്‍ച്ച
ഉയിര്‍പ്പു അനുഭവത്തിനു ശേഷം സാവകാശം സംഭവിച്ചതാണ്....
യേശുവിന്റെമേല്‍ ആരോപിക്കപ്പെട്ട കുറ്റം അവിടുന്ന് ‘സ്വയം രാജാ’വെന്ന്
അവകാശപ്പെട്ടു എന്നതിനാലാവണമല്ലോ അങ്ങനെയുള്ള കുറ്റാരോപണവും തുടര്‍ന്ന് അത്
കുരിശില്‍ എഴുതിപ്പിടിപ്പിച്ചതും. ‘ദേശാദിപതി ചോതിച്ചു: നീ
യഹൂദന്മാരുടെ രാജാവാണോ?’(Mt
27:11). ‘…ദേശാദിപതിയുടെ പടയാളികള്‍...യഹൂദന്മാരുടെ
രാജാവേ, സ്വസ്തി! എന്ന് പറഞ്ഞു അവനെ പരിഹസിച്ചു.’ (Mt 27:29). ‘ഇവന്‍ യഹൂദരുടെ
രാജാവായ യേശുവാണ് എന്ന ആരോപണം അവര്‍ അവന്‍റെ ശിരസ്സിനു മുകളില്‍
എഴുതിവച്ചു.’ (Mt 27:37). പ്രസിദ്ധമായ ‘INRI’ ഇതിന്‍റെ ചുരുക്കമാണല്ലോ. ‘പ്രധാനപുരോഹിദന്മാര്‍ നിയമജ്ഞരോടും
പ്രമാണികളോടുമൊത്തു അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു:.. ഇവന്‍ ഇസ്രായേലിന്റെ
രാജാവാണല്ലോ...’(Mt 27:41-42).
ഇണങ്ങാത്ത കുപ്പായം:
ദൈവത്തിനും എന്തും ആകാമെങ്കിലും എന്തിനു അവിടുന്ന് കാലിത്തൊഴുത്തില്‍
ജനിക്കണം? അങ്ങനെ കാലിത്തൊഴുത്തില്‍ ജനിച്ചവന്‍... [പ്രസവസമയമടുത്ത മറിയം സത്രത്തില്‍ സ്ഥലം ലഭിക്കാത്തതിനാല്‍ അവള്‍ തന്റെ
കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ച്... പുല്‍ത്തൊട്ടിയില്‍ കിടത്തി. (Lk 2:6-7)], തലചായ്ക്കാന്‍
ഇടമില്ലാത്തവന്‍ (Mt 8:20), കാല്‍വരിയിലെ മരക്കുരിശിലേറ്റി വധിക്കപ്പെട്ടവന്‍ (Lk 23:33) എങ്ങനെ ചേരും
രാജാവിന്‍റെ ഈ കുപ്പായം! സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന നമ്മുടെ
സാഹചര്യത്തില്‍ യേശുവിന്റെ മനസ്സു മനസ്സിലാക്കുവാന്‍ നമുക്കാവില്ലായിരിക്കാം...
‘അവര്‍ വന്നു തന്നെ രാജാവാക്കാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ട്പോകാന്‍
ഭാവിക്കുന്നു എന്ന് മനസ്സിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേക്ക് പിന്മാറു’(Jn 6:15)ന്നതും നമ്മുടെ
കാലത്ത് വിഡ്ഢിത്തമായിരിക്കാം...
കൂടാതെ, ആധിപത്യമല്ല ശുശ്രൂഷയാണ് തന്റെ സമീപനവും ശൈലിയുമെന്നു
പഠിപ്പിക്കുന്നതിലുപരി, മാതൃക കാട്ടി ശിശ്യര്‍ക്കു പ്രചോദനം ആവുകയുമായിരുന്നു,
വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു... അവരെ അടുത്തു വിളിച്ചു
പറഞ്ഞു:...മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല,
ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി
നല്കാനുമാത്രേ.’ (Mk 10:45). വീണ്ടും: ‘...നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍
കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.’ (Jn 13: 14).
ദൈവരാജ്യം:
എന്നാല്‍ രാജാവല്ലാത്ത അവിടുന്ന് ഒരു രാജ്യം പ്രഖ്യാപിച്ചു - ദൈവ രാജ്യം:
‘സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു...’ (Mk 1:15). അതായിരുന്നു
അവിടുത്തെ പ്രോബോധനവും, അതിനു അനുയോജ്യമായ പ്രവര്‍ത്തികളും... ഇതിനെ
വിശദീകരിക്കുവാന്‍ എന്തുമാത്രം ഉപമകളാണ് അവിടുന്ന് അരുള്‍ചെയ്തത്... ഒരൊറ്റ പ്രാര്‍ഥനയേ
അവിടുന്ന് പഠിപ്പിച്ചിട്ടുള്ളൂ. ആ ഹ്രസ്വ, സുന്ദര പ്രാര്‍ഥനയില്‍ ഈ രാജ്യത്തിന്‍റെ ആഗമനത്തിനുവേണ്ടി പ്രാര്‍ഥിക്കുവാനാണ്
ആഹ്വാനം ചെയ്തത്(Mt 6:10), അതന്വേഷിക്കുവാനും: ‘നിങ്ങള്‍ ആദ്യം അവിടുത്തെ
രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക്
ലഭിക്കും.’ (Mt 6:33).
ഇത് അതിരുകളും അന്യരുമില്ലാത്ത രാജ്യം... പടയൊരുക്കവും പടയോട്ടങ്ങളും ഇല്ലാത്ത
രാജ്യം... ദൈവം പിതാവാകുന്ന രാജ്യം, നാം അവിടുത്തെ മക്കളും, നാം തമ്മില്‍ പരസ്പരം
സഹോദരരുമാവുന്ന രാജ്യം... ഈ രാജ്യം നമ്മുടെ ഹൃദയതലങ്ങളിലാണ്.. അവിടെയാണ് അവിടുന്ന്
രാജാവാകുവാന്‍ ആഗ്രഹിക്കുന്നത്... അവിടുത്തെ പിതാവിന്‍റെ നാമം പൂജിതമാവേണ്ടിടം,
ഹിതം നിറവേറുന്നിടം... ‘അങ്ങയുടെ രാജ്യം വരേണമേ...’
ബനടിക്റ്റ് പതിനാറാമന്‍ പാപ്പയുടെ വാക്കുകള്‍ ഇത്തരത്തില്‍ ശ്രദ്ധേയമാവുന്നു: ‘ക്രിസ്തുവിന്‍റെ രാജത്വം
മാനുഷികധികാരത്തിലല്ല മറിച്ചോ സ്നേഹിക്കുന്നതിലും മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലുമാണ്.’
-അഡ്വ (ഫാ). പങ്ക്രേഷ്യസ്
‘ബെത് ശാലോം’, കുമാരപുരം
‘Beth Shalom’, St. Pius X Church,
Kumarapuram, Medical College P. O.,
Thiruvananthapuram – 695011
E-mail: pankyarul@yahoo.co.in
Phone: 0471-2445371
23.08.2014/ 8.11.14
No comments:
Post a Comment